നാട് നടുങ്ങിയ ഒരു വിഗ്രഹമോഷണം ; കേസിന് തുമ്പ് ഒരു പെൺകുട്ടി
1981 മേയ് 24. വെളുപ്പിന് മൂന്നു മണിയാകുന്നതേയുള്ളൂ. ഏറ്റുമാനൂർ ക്ഷേത്രപരിസരം വിജനമാണ്. ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരൻ കൃഷ്ണൻ കുട്ടി നാലമ്പലത്തിന്റെ പ്രധാന വാതിൽ തുറന്ന് അങ്കണത്തിലെത്തിയശേഷം വിളക്കുകൾ കെടുത്തി ശ്രീകോവിലിന് മുന്നിലെത്തി. ശ്രീകോവിലിന്റെ വാതിൽ തുറന്നു കിടക്കുന്നു. പരിഭ്രാന്തനായ അയാൾ ഓടിപ്പോയി ദേവസ്വം മാനേജർ വി.നാരായണപിള്ളയെ വിവരമറിയിച്ചു. അപ്പോഴേക്കും മോൽശാന്തിയെത്തി. അദ്ദേഹം ശ്രീകോവിലിനുള്ളിൽ കയറി നോക്കി. മൂലവിഗ്രഹം കാണാനില്ല. അകത്തെ അഴിവാതിൽ തുറന്നു കിടക്കുന്നു. പ്രഭയിലെ ലക്ഷ്മീരൂപവും കാണാനില്ല. ഏറ്റുമാനൂർ സബ് ഇൻസ്പെക്ടർ ശശിധരനും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിവരം പതുക്കെ പുറം ലോകമറിഞ്ഞു – ഏറ്റുമാനൂർ ക്ഷേത്രത്തിലെ ലക്ഷങ്ങൾ വിലപിടിപ്പുള്ള വിഗ്രഹം മോഷണം പോയിരിക്കുന്നു...! ജനം അമ്പലത്തിലേക്ക് ഓടിയെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവലിംഗത്തിൽനിന്ന് ദേവചൈതന്യം ആവാഹിച്ചു സൂക്ഷിക്കുന്നതായി വിശ്വസിക്കുന്ന ഈ തങ്...